ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മറ്റന്നാൾ ഇന്ത്യയിൽ. തിങ്കളാഴ്ച (ഫെബ്രുവരി 17) തുടങ്ങുന്ന ദ്വിദിന സന്ദർശനത്തിനായാണ് ഖത്തർ അമീറിൻ്റെ വരവ്. ചൊവ്വാഴ്ച അദ്ദേഹം മടങ്ങും. ഊർജ്ജം ഉൾപ്പെടെ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ ഖത്തർ അമീറിന് സ്വീകരണം നൽകും. രാഷ്ട്രപതി ദ്രൗപതി മുർമു, അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം അമീറിന് വിരുന്ന് സംഘടിപ്പിക്കും.
മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രതിനിധികളും ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കും. ഖത്തർ അമീറിൻ്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2015 മാർച്ചിൽ ആണ് മുമ്പ് അമീര് ഇന്ത്യയിൽ വന്നത്.
സമീപ വർഷങ്ങളിൽ, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുകയാണ്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ദ്രവീകൃത പ്രകൃതി വാതകത്തിൻ്റെ (എൽഎൻജി) 48 ശതമാനവും നൽകുന്നത് ഖത്തർ ആണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഖത്തറുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 18.77 ബില്യൺ യു.എസ് ഡോളറായിരുന്നു. ഖത്തർ ഊർജ മന്ത്രി സാദ് ഷെരീദ അൽ കാബി ഈ മാസം ആദ്യം ഇന്ത്യ സന്ദർശിച്ചിരുന്നു.
ഇന്ത്യൻ പ്രവാസി സമൂഹത്തിൽ വലിയൊരു വിഭാഗം കഴിയുന്നത് ഖത്തറിൽ ആയതിനാൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം പതിറ്റാണ്ടുകളായി ഏറെ ഊഷ്മളമാണ്. ഖത്തറിൽ ഏകദേശം എട്ടു ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ട്. മെഡിക്കൽ, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം, ധനകാര്യം, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളിൽ സംഭാവന ചെയ്യുന്ന ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇവർ.
ഗസ്സയിൽ ചർച്ചയിൽ വരും
ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഫലസ്തീൻ വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ് പുറപ്പെടുവിച്ച വിവാദ പ്രസ്താവനയെ തുടർന്ന് അറബ് രാഷ്ട്രങ്ങൾ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കെ ആണ് ഖത്തർ അമീർ ഇന്ത്യയിൽ എത്തുന്നത്. ഗസ്സ വിഷയത്തിൽ ഏറ്റവും അധികം ഇടപെട്ട രാജ്യം എന്ന നിലക്ക് വിഷയത്തിൽ ഖത്തർ സ്വീകരിക്കുന്ന എന്ത് നിലപാടും ലോകം ഉറ്റുനോക്കും. പശ്ചിമേഷ്യൻ വിഷയവും അമീറും മോഡിയും തമ്മിലെ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
പ്രധാനമന്ത്രി മോദിയുടെ ഖത്തർ സന്ദർശനം കഴിഞ്ഞ് കൃത്യം ഒരു വർഷത്തിന് ശേഷമാണ് അമീറിൻ്റെ ഇന്ത്യ സന്ദർശനം. കസ്റ്റഡിയിലുള്ള 8 മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ ഖത്തർ വിട്ടയച്ചതിന് പിന്നാലെയാണ് സന്ദർശനമെന്നും പ്രത്യേകതയുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും മാർഗങ്ങളും ആണ് യോഗം ചർച്ച ചെയ്തത്.
ഖത്തർ ചേംബറും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (FICCI) ആണ് യോഗത്തിന് മുൻകൈ എടുത്തത്. ഓൺലൈനായി നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളിലെയും വ്യാപാര വാണിജ്യ പ്രമുഖർ പങ്കെടുത്തു. വ്യാപാരം, നിക്ഷേപം, സേവനങ്ങൾ, മറ്റ് വ്യാവസായിക മേഖലകൾ എന്നിവയിൽ കൂടുതൽ വ്യവസ്ഥാപിതമായി ബിസിനസ് പ്രോത്സാഹന പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിച്ചത്.
യോഗത്തിൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങളെക്കുറിച്ചും റീട്ടെയിൽ, , ബാങ്കിങ്, ലോജിസ്റ്റിക്സ്, ആരോഗ്യ സംരക്ഷണം, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമൊബൈൽസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മിഡിൽ ഈസ്റ്റ് ചെയർമാൻ അദീബ് അഹമ്മദ് സംസാരിച്ചു. ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ ഓരോ രാജ്യത്തുനിന്നും 19 വൻ വ്യവസായികൾ ഉൾക്കൊള്ളുന്ന സമിതിയാണ്.