ഷാർജ :ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ വായനോത്സവത്തിൽ തന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ച് മലയാളി വിദ്യാർത്ഥിനി തഹാനി ഹാഷിർ.നവീന കാലഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം ഏറെ വലുതാണെങ്കിലും കലാസാഹിത്യ മേഖലകളിൽ എ ഐ യുടെ സ്വാധീനം സ്വാഭാവികമായ സർഗാത്മകതയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് തഹാനി ഹാഷിർ പറഞ്ഞു.എഴുത്തിലും വായനയിലും തല്പരരായ പുതു തലമുറകളെ വാർത്തെടുക്കുന്നതിനായി ഷാർജ ഭരണകൂടം നൽകുന്ന സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്നും എഴുത്തുകാർക്കും കലാപ്രവർത്തകർക്കും ഷാർജ ഭരണാധികാരി നൽകുന്ന പ്രചോദനം എടുത്തു പറയേണ്ടതാണെന്നും തഹാനി വ്യക്തമാക്കി . ഷാർജ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് തന്റെ പുസ്തകം നേരിട്ട് സമ്മാനിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണെന്നും തഹാനി കൂട്ടിച്ചേർത്തു.ഷാർജ എക്സ്പോ സെന്ററിൽ വായനോത്സവത്തിന്റെ അവസാന ദിവസം ക്രിയേറ്റീവ് കിഡ്സ് കഫേയിലാണ് തഹാനി കുട്ടികളുമായി സംവദിച്ചത്.എമിറാത്തി വിദ്യാർത്ഥിനി ഫാത്തിമ സറോനി, ഈജിപ്ഷ്യൻ വിദ്യാർത്ഥിനി സാൻഡി ഹാനി എന്നിവരും പരിപാടിയിൽ പങ്കാളികളായി. നദ താഹ മോഡറേറ്റർ ആയിരുന്നു. കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിര്‍ ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലിഷ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചെറുപ്രായത്തില്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ തഹാനി ഇതിനോടകം മൂന്ന് ഇംഗ്ലീഷ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2018 ല്‍ പത്താം വയസിലായിരുന്നു തഹാനിയുടെ ആദ്യപുസ്തകം പുറത്തിറങ്ങിയത്.ഈ വർഷം ദുബായ് എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ നടന്ന പതിനാലാമത് ‘പോയിറ്റിക്ക് ഹാര്‍ട്ട്’ കാവ്യ സമ്മേളനത്തില്‍ വിവിധ രാജ്യക്കാരായ കവികൾക്കൊപ്പം 16 കാരിയായ തഹാനി പങ്കെടുത്തിരുന്നു. ‘പോയിറ്റിക്ക് ഹാര്ട്ടിൽ ഇതുവരെ പങ്കെടുത്തതിൽ ഏറ്റവും പ്രായം കുറഞ്ഞ കവയത്രി ആയിരുന്നു തഹാനി ഹാഷിർ.