മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. എംടിയെന്ന രണ്ടക്ഷരത്തില്‍ സര്‍ഗാത്മകതയുടെ വിവിധ മേഖലകളില്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭ. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍… ഇന്ത്യന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള്‍ പല തലമുറകളിളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും…. അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.
രസതന്ത്രത്തില്‍ ബിരുദം നേടിയ എം ടി വാസുദേവന്‍ നായര്‍, തന്റെ അക്ഷരപരീക്ഷണശാലയില്‍ മനുഷ്യഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വൈകാരികക്കൂട്ടുകളൊരുക്കി. മനുഷ്യബന്ധങ്ങളുടെ നിഗൂഢതകളായിരുന്നു എന്നും ഇഷ്ട വിഷയം. നിളാ നദിയും കൂടല്ലൂരും അത്രമേല്‍ പ്രിയപ്പെട്ട കഥാ പരിസരങ്ങളായി. കഥയായാലും നോവലായാലും സിനിമയായാലും എം ടിയുടെ പ്രതിഭാസമ്പന്നത മലയാളിയെ സര്‍ഗാത്മകതയുടെ പുതിയ ആഴങ്ങളിലേക്ക് കൊണ്ടെത്തിച്ചു. വളർത്തുമൃഗങ്ങൾ മുതൽ കാഴ്ച വരെ നീളുന്ന കഥാപ്രപഞ്ചം; ചെറുകഥകളെ ജീവസുറ്റതാക്കിയ എം ടി.
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, ഷെര്‍ലക്ക്, വാനപ്രസ്ഥം തുടങ്ങിയ കഥകള്‍ മലയാളി ഹൃദയങ്ങള്‍ കീഴടക്കി. ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, പരിണയം, വൈശാലി, സദയം തുടങ്ങി 30 സിനിമകള്‍ക്ക് തിരക്കഥയെഴുതി. മഞ്ഞിലെ വിമലയും നാലുകെട്ടിലെ അപ്പൂണ്ണിയും അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി ചലച്ചിത്രലോകത്തെത്തുന്നത്. നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘നിര്‍മാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മുതല്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. സിതാരയും അശ്വതിയുമാണ് മക്കള്‍. എം ടി വിടപറയുമ്പോള്‍, ഒരു കാലം കൂടിയാണ് അവസാനിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരാ… നന്ദി, ഇവിടെ ജനിച്ചതിന്, ഞങ്ങളുടെ വായാനാ വേളകളെ അത്രമേല്‍ ധന്യമാക്കിയതിന്…