ദുബായ്: ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾക്ക് മാത്രമായി ദുബായിൽ ‘ഭാരത് മാർട്ട്’ എന്ന പേരിൽ വമ്പൻ മാർക്കറ്റ് ഒരുങ്ങുന്നു. അടുത്ത വർഷത്തോടെ ഭാരത് മാർട്ടിന്റെ ആദ്യ ഘട്ടം പ്രവർത്തനം തുടങ്ങുമെന്ന് ഡിപി വേൾഡിന്റെ ജിസിസി മേഖലയിലെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുള്ള ബിൻ ദമിതൻ പറഞ്ഞു.
2027 ൽ ഭാരത് മാർട്ട് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സ്‌പോ സിറ്റിക്ക് എതിർവശത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ സ്ഥിതി ചെയ്യുന്ന യിവു മാർക്കറ്റിനടുത്താണ് ഭാരത് മാർട്ട് നിർമ്മിക്കുന്നത്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഏകദേശം 2.7 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന ഭാരത് മാർട്ടിൽ എല്ലാ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളും ലഭിക്കും.
വ്യാപാരം 100 ബില്യൺ ഡോളറിൽ: ഇന്ത്യ ഏറ്റവും മികച്ച വ്യാപാര പങ്കാളി
2022 ൽ ഇന്ത്യയും യു എ ഇ യും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഫലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ഇന്ത്യ – യു എ ഇ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിയതായി യുഎഇയുടെ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി പറഞ്ഞു. ഇന്ത്യ, അറബ് ഐക്യ നാടുകളുടെ മുൻനിര വ്യാപാര പങ്കാളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഭാരത് മാർട്ട് വരുന്നതോടെ ഇന്ത്യൻ വ്യാപാരികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ