അതിർത്തി ടൂറിസം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം കൂടുതൽ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിൻ്റെ വൈബ്രൻ്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് നീക്കം. അതിർത്തി ഗ്രാമങ്ങളെ പുറംനാടുകളുമായി ബന്ധിപ്പിക്കുക, ടൂറിസം വളർത്തുക, വികസനത്തിലൂടെ സാാമൂഹിക-സാമ്പത്തിക ഉന്നമനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തനം.ജമ്മു കശ്മീരിലെ പല അതിർത്തി പ്രദേശങ്ങളും ഇത്തരത്തിൽ വിനോദസഞ്ചാരത്തിനായി തുറക്കും. ഗാൽവൻ മെമ്മോറിയൽ, റിസംഗ് ല വാർ മെമോറിയൽ, ലഡാക്കിലെ ത്രിശൂൽ, റംഗ്‌ല തുടങ്ങിയ പ്രദേശങ്ങളിലേക്കും വിനോദസഞ്ചാരം സാധ്യമാകുമെന്നാണ് വിവരം. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനമൊരുക്കാനുള്ള ശ്രമം തുടങ്ങി.
അതിർത്തിയിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ കഴിഞ്ഞ നാല് വർഷം കൊണ്ട 8500 കിലോമീറ്റർ റോഡ് നിർമ്മിച്ചിരുന്നു. അതിൽത്തന്നെ ജമ്മു കശ്മീരിലെ അതിർത്തിയിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ഇതിന് പുറമെ 400 സ്ഥിരം പാലങ്ങളും ടണലുകും നിർമ്മിച്ചിരുന്നു.
അതിനിടെ കശ്മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും ഉയരുന്നുണ്ട്. ലഡാക്കിലെ അതിർത്തി മേഖലകളിലെത്തിയ സഞ്ചാരികളുടെ എണ്ണം 30 ശതമാനത്തോളം വർധിച്ചിരുന്നു. സമാനമായ നിലയിൽ സിക്കിമിലും അരുണാചലിലും വിനോദസഞ്ചാരികളുടെ എണ്ണം ഉയർന്നിരുന്നു.