ദുബൈ: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പൊതുമേഖലാ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു. ശവ്വാല്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ് അറിയിച്ചത്. റമദാനിലെ അവസാന ദിവസങ്ങളില്‍ യുഎഇയിലെ മാസ്പ്പിറവി ദര്‍ശന സമിതിയാണ് ശവ്വാലിന്റെ കൃത്യമായ ആരംഭ തീയതി തീരുമാനിക്കുന്നത്.ഹിജ്‌റ കലണ്ടറിലെ ഓരോ മാസവും 29 അല്ലെങ്കില്‍ 30 ദിവസം വരെ നീണ്ടുനില്‍ക്കും. റമദാന്‍ മാര്‍ച്ച് 1 ന് ആരംഭിച്ചതിനാല്‍, ശവ്വാല്‍ ഒന്ന് മാര്‍ച്ച് 30 ഞായറാഴ്ചയോ മാര്‍ച്ച് 31 തിങ്കളാഴ്ചയോ ആയിരിക്കും.മാര്‍ച്ച് 31 ന് ഈദുല്‍ ഫിത്വര്‍ ആകാന്‍ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റി മുമ്പ് പറഞ്ഞിരുന്നു. ഇങ്ങനെയാണെങ്കില്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ പൊതു അവധി ലഭിക്കും. ശേഷം ഏപ്രില്‍ 3ന് വ്യാഴാഴ്ച ജോലിയില്‍ പ്രവേശിക്കേണ്ടി വരും.